അധ്യാപക ദിന രചനാ മത്സര വിജയികള്‍ക്കുള്ള അനുമോദന സദസ്സ്

കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപനവും സമ്മാനദാനവും താവക്കര യൂണിറ്റി സെന്ററില്‍ വെച്ച് നടന്നു. പ്രശസ്ത സാഹിത്യകാരന്‍ ശ്രീ.കല്‍പറ്റ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളുമെന്നത് കേവലം പരീക്ഷാ സഹായിയും പരീക്ഷാര്‍ധികളുമായി മാറുന്ന കാലമായി മാറുകയാണെന്നും ,അധ്യാപനത്തിലെ അധികാനുഭവങ്ങളാണ് എന്നിലെ സാഹിത്യകാരനെ വളര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.  കവിതാ രചനയില്‍ ആബിദ ഇഖ്ബാല്‍ (റഹ്മാനിയ A.L.P സ്‌കൂള്‍ ഇരിക്കൂര്‍), മുഹമ്മദ് റാഫി ( മമ്പറംG. H. S. S), ബിന്ദു.സി. വി ( വേങ്ങര മാപ്പിള സ്‌കൂള്‍),   കഥാ രചനാ വിഭാഗത്തില്‍ ഫരീദ കുപ്പുരയില്‍(മയ്യില്‍.G. H.S. സ്‌കൂള്‍),കെ.പി.സുജാത ( വേങ്ങര മാപ്പിള സ്‌കൂള്‍), സി.വി.ബിന്ദു ( വേങ്ങര മാപ്പിള സ്‌കൂള്‍)  എന്നിവര്‍ യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. തനിമ കലാ സാഹിത്യ വേദി കണ്ണൂര്‍ ജില്ലാ രക്ഷാധികാരിയും ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ സമിതി അംഗവുമായ കളത്തില്‍ ബഷീര്‍ ഫലപ്രഖ്യാപനം നടത്തി. ജി.ഐ. ഒ ജില്ലാ പ്രസിഡന്റ് ആരിഫ മെഹബൂബ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് യു. പി.സിദ്ദിഖ് മാസ്റ്റര്‍ , വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സാജിദ.പി.ടി. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജി.ഐ. ഒ ജില്ലാ ജനറല്‍ സെക്രട്ടറി സഫൂറ നദീര്‍ സ്വാഗതവും , പ്രോഗ്രാം കന്‍വീനര്‍ നാജിയ.കെ.കെ നന്ദിയും പറഞ്ഞു.

 

Share: