പ്രണയം ലൈംഗികത സദാചാരം - പെണ്‍പക്ഷം വായിക്കുന്നു

തിരുവനന്തപുരം: പാളയം മസ്‌ജിദ്‌ കമ്യൂണിറ്റി ഹാളില്‍ സെമിനാര്‍ നടത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗം ക്രമീകരിക്കാന്‍ പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ അമ്മമാര്‍ ജാഗരൂകരാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്‌ ശ്രീദേവി. സ്‌ത്രീ സ്വത്വം സുരക്ഷ സമൂഹം കാമ്പയ്‌നിന്റെ ഭാഗമായി ഗേള്‍സ്‌ ഇസ്‌ലാമിക്‌ ഓര്‍ഗനൈസേഷന്‍ കേരള സംഘടിപ്പിച്ച പ്രണയം, ലൈംഗികത, സദാചാരം പെണ്‍പക്ഷം വായിക്കുന്നു സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേരളത്തില്‍ കൗമാരക്കാരായ പെണ്‍കുട്ടികളാണ്‌ പീഡനത്തിന്‌ കൂടുതല്‍ ഇരയാകുന്നത്‌. മൊബൈല്‍ ഫോണ്‍ വഴിയുള്ള ചങ്ങാത്തങ്ങളാണ്‌ ഇതിന്‌ വഴിതുറക്കുന്നത്‌. ഇക്കൊല്ലം ഇത്തരം 31 പരാതികള്‍ കമ്മീഷന്‌ കിട്ടി. ഇതില്‍ 4 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായിരുന്നു. സ്‌കൂള്‍, കോളേജ്‌ വിദ്യാര്‍ഥിനികളാണ്‌ ഇങ്ങനെ വഞ്ചിക്കപ്പെടുന്നവരില്‍ ഏറെയും. നഗ്ന ചിത്രങ്ങളും നീലച്ചിത്രങ്ങളുമുണ്ടാക്കി ഭീഷണിപ്പെടുത്തിയാണ്‌ പല പീഡനങ്ങളും നടക്കുന്നത്‌. ഇങ്ങനെ വഞ്ചിക്കപ്പെടുന്ന കുട്ടികളെ ആശ്വസിപ്പിച്ചും ഉപദേശിച്ചും നല്ല വഴിയിലേക്ക്‌ കൊണ്ടുവരാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. തന്റെ മകള്‍ അങ്ങനെയൊന്നും ചെയ്യില്ല എന്ന മനോഭാവം രക്ഷിതാക്കള്‍ മാറ്റി, പരാതികള്‍ കേട്ടാല്‍ അത്‌ പരിശോധിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച പരാതിയും ഇപ്പോള്‍ വ്യാപകമാവുന്നുണ്ട്‌. അടുത്ത ബന്ധുക്കളും രക്ഷിതാക്കളുമൊക്കെയാണ്‌ ഇതിന്‌ പിന്നില്‍. ലൈംഗിക വൈകൃതങ്ങള്‍ക്ക്‌ നിര്‍ബന്ധിക്കുന്നുവെന്ന ഭാര്യമാരുടെ പരാതികളും കൂടുകയാണ്‌. വികൃത ലൈംഗികതക്ക്‌ നിര്‍ബന്ധിക്കുന്നത്‌ സ്‌ത്രീ പീഡനമാണ്‌. വിദേശത്ത്‌ ജോലിക്ക്‌ പോകുന്ന പുരുഷന്‍മാര്‍ക്കെതിരെയാണ്‌ ഇത്തരം പരാതികളുണ്ടാകുന്നത്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമ വ്യവസ്ഥയിലൂടെ പരിരക്ഷ ഉറപ്പാക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും സ്‌ത്രീകള്‍ തയാറാകണമെന്നും ശ്രീദേവി പറഞ്ഞു. മൊബൈല്‍ ഫോണ്‍ ദുരുപയോഗം സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും സ്‌ത്രീകള്‍ക്കെതിരെ നടമാടിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്‌ത്രീ സമൂഹം മുന്നിട്ടിറങ്ങണമെന്നും സമൂഹത്തിലെ മൂല്യതകര്‍ച്ച സൃഷ്‌ടിച്ച അരക്ഷിതാവസ്ഥ സ്‌ത്രീകളെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അധ്യക്ഷതവഹിച്ച ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ കെ.കെ റഹീന ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇത്‌ ഗുരുതരമായ സാമൂഹ്യ പ്രശ്‌നമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഇതിനെതിരെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും കൂട്ടായ പ്രതിരോധം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. സംസ്ഥാന സമിതിയംഗം സുഫൈറ വിഷയാവതരണം നടത്തി. തുടര്‍ന്നുളള ചര്‍ച്ചയില്‍ റിട്ട. അഡീഷണല്‍ ലോ സെക്രട്ടറി അഡ്വ: ബഷീറ ബീവി, മാതൃശിശുസംരക്ഷണ സമിതി പ്രസിഡന്റ്‌ പ്രിയ സി. നായര്‍, ഡോ. ജൗഹറുന്നിസ ബീഗം, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ്‌ ജെ.കെ ഹസീന എന്നിവര്‍ പങ്കെടുത്തു. ജി.ഐ.ഒ ജില്ലാ സമിതിയംഗം നജ്‌ദ സ്വാഗതവും ജില്ലാ സെക്രട്ടറി നന്ദിയും പറഞ്ഞു.പാളയം കമ്യൂണിറ്റിഹാളില്‍ നടന്ന പരിപാടിയില്‍ ആയിരത്തോളം പെണ്‍കുട്ടികള്‍ പങ്കെടുത്തു.
Share:

Tags:State News