സ്‌ത്രീ സുരക്ഷാ നിയമങ്ങള്‍ പ്രസക്തിയും പ്രശ്‌നങ്ങളും

കണ്ണൂര്‍: ജി.ഐ.ഒ കാമ്പയിനിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ നടന്ന സെമിനാര്‍ സാമൂഹിക സാംസ്‌കരാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായി. നിയമങ്ങള്‍ സ്‌ത്രീകളുടെ രക്ഷക്കെത്തുന്നില്ലെന്ന്‌ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത `അന്വേഷി' അധ്യക്ഷ കെ. അജിത അഭിപ്രായപ്പെട്ടു. സ്‌ത്രീധനം വാങ്ങുന്നവനും കൊടുക്കുന്നവനും ഒരേ പോലെ കുറ്റക്കാരാണെന്ന സ്‌ത്രീധന നിരോധന നിയമത്തിലെ വകുപ്പ്‌ ഈ നിയമത്തെ അങ്ങേയറ്റം അപഹാസ്യമാക്കി തീര്‍ത്തിരിക്കുന്നു. എല്ലാ മതവിഭാഗങ്ങളിലും സ്‌ത്രീധന സമ്പ്രദായം ആഴത്തില്‍ വേരൂന്നിയിട്ടും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയാനുള്ള കാരണം ഇതാണ്‌. പീഡിപ്പിക്കുന്നവര്‍ക്കെതിരെ ഫലപ്രദമായി പ്രയോഗിക്കാന്‍ നിയമങ്ങള്‍ പ്രയോജനപ്പെടുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.വനിതാ കമ്മീഷന്‍ അഡൈ്വസറി ബോര്‍ഡ്‌ അംഗം അഡ്വ:വിമലകുമാരി, ജമാഅത്തെ ഇസ്‌ലാമി വനിതാ സംസ്ഥാന സമിതിയംഗം കെ.എന്‍ സുലൈഖഅഡ്വ:മേരി മാത്യു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.സാമൂഹിക രംഗത്ത്‌ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എന്‍.ജി മേരി ടീച്ചര്‍, വാണി ടീച്ചര്‍ എന്നിവര്‍ക്ക്‌ ഉപഹാരം നല്‍കി.കാമ്പയിനോടനുബന്ധിച്ച്‌ ജി.ഐ.ഒ കണ്ണൂര്‍ ജില്ലാ സമിതി നടത്തിയ കഥാരചന- പ്രസംഗ മത്സര വിജയികള്‍ക്ക്‌ ജമാഅത്തെ ഇസ്‌ലാമി വനിതാ ജില്ലാ സെക്രട്ടറി എ.ടി സമീറ അവാര്‍ഡ്‌ നല്‍കി. വിശിഷ്‌ടാതിഥികള്‍ക്കുള്ള സോളിഡാരിറ്റിയുടെയും ജി.ഐ.ഒവിന്റെയും ഉപഹാരം സംസ്ഥാന സെക്രട്ടറി ശബീന ശര്‍ഖി നല്‍കി.കണ്ണൂര്‍ ഗവ. മുന്‍സിപ്പല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ കാമ്പസുകളില്‍ നിന്നായി 500ല്‍ അധികം വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ഒ.വി സാജിദ അധ്യക്ഷത വഹിച്ചു.കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ എം. ഖദീജ സ്വാഗതവും കാസര്‍കോഡ്‌ ജില്ലാ പ്രസിഡന്റ്‌ റുക്‌സാന നന്ദിയും പറഞ്ഞു.
Share:

Tags:State News