കാമ്പയ്‌ന്‍ ഉദ്‌ഘാടന സമ്മേളനം

സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതില്‍ വിദ്യാഭ്യാസത്തിന്‌ വലിയ പങ്ക്‌ വഹിക്കാനുണ്ടെന്ന്‌ സച്ചാര്‍ കമ്മറ്റി കണ്‍സല്‍ട്ടന്റും ദില്ലി ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ സീനിയര്‍ പ്രഫ. അസ്‌റ റസാഖ്‌ അഭിപ്രായപ്പെട്ടു. ഗേള്‍സ്‌ ഇസ്‌ലാമിക്‌ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സംസ്ഥാനതല ദൈ്വവാര കാമ്പയ്‌ന്‍ ഉദ്‌ഘാടനം നവം:21 ന്‌ എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. സ്‌ത്രീ- സ്വത്വം, സുരക്ഷ, സമൂഹം എന്ന വിഷയത്തിലായിരുന്നു കാമ്പയ്‌ന്‍്‌. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക്‌ മികച്ച വിദ്യാഭ്യാസം നേടാന്‍ അവസരമൊരുക്കണം. സ്‌ത്രീധന നിരോധം കണിശമായി നടപ്പാക്കാന്‍ മാതാപിതാക്കളും പെണ്‍മക്കളുമടങ്ങുന്ന സമൂഹം ശ്രദ്ധിക്കണം. സാമൂഹിക സുരക്ഷയും സ്വത്വവും പെണ്‍കുട്ടികള്‍ സ്വയം നേടിയെടുക്കാന്‍ ശ്രമിക്കണം. മുസ്‌ലിം സ്‌ത്രീകളുടെ നിലമെച്ചപ്പെടുത്താന്‍ ജി.ഐ.ഒക്ക്‌ ഏറെ പങ്ക്‌ വഹിക്കാനുണ്ടെന്നും അവര്‍ പറഞ്ഞു. ജി.ഐ.ഒ കേരള പ്രസിഡന്റ്‌ കെ.കെ റഹീന അധ്യക്ഷത വഹിച്ചു. ധാര്‍മിക മൂല്യങ്ങളിധിഷ്‌ഠിതമായ സമൂഹ സൃഷ്‌ടിക്ക്‌ സ്‌ത്രീ സുരക്ഷ പ്രധാന ഘടകമാണെന്ന്‌ അവര്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം വൈസ്‌ പ്രസിഡന്റ്‌ പി.വി റഹ്‌മാബി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അതിക്രമങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ കഴിയുന്ന പെണ്‍തലമുറയെ വളര്‍ത്താന്‍ സ്വാതന്ത്യബോധം പകര്‍ന്നു നല്‍കണമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി. `സ്‌ത്രീകളുടെ സുരക്ഷ- നിയമവഴികള്‍' എന്ന കൈപുസ്‌തകത്തിന്റെ പ്രകാശനം വനിതാകമീഷന്‍ അംഗം പ്രഫ. കുസുമം ജോസഫ്‌ നിര്‍വഹിച്ചു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ര്‌കസിഡന്റ്‌ മാഗ്ലീന്‍ പീറ്റര്‍, കര്‍ണ്ണാടക ജി.ഐ.ഒ പ്രസിഡന്റ്‌ മദീഹ അഫ്‌ഷാന്‍, എ നജിദ, ഷഫ്‌ന മൊയ്‌തു, എം.എ സ്വാലിഹ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പെണ്‍കുട്ടികള്‍ക്ക്‌ ചടങ്ങില്‍ അവാര്‍ഡ്‌ നല്‍കി. ഡോ. ഷമീം അലിയാര്‍, `മാധ്യമം' റിപ്പോര്‍ട്ടര്‍ ജിഷാ എലിസബത്ത്‌, വിദ്യാഭ്യാസ-കായിക രംഗത്ത്‌ മികച്ച നേട്ടം കൊയ്‌ത ഷംന, നബീല, ഫര്‍സാന, അപര്‍ണ, കെ.ആര്‍ വാണി, ജസ്‌ന, നജ്‌ദ, ഹിന്ദ്‌ ടി. റഷീദ്‌,ആലിയ എന്നിവര്‍ക്ക്‌ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രണ്ടായിരത്തില്‍പരം പെണ്‍കുട്ടികള്‍ സമ്മേളനത്തില്‍ പങ്കടുത്തു.
Share:

Tags:State News