സ്‌ത്രീ ജീവിതത്തെ സ്‌പര്‍ശിച്ച എക്‌സ്‌പോസ്‌ ഈവിന്‌ ഉജ്വല സമാപനം

കോഴിക്കോട്‌ : സ്‌ത്രീ ജീവിതത്തിന്റെ വിവിധ തലങ്ങളെ ഓര്‍മിപ്പിച്ച്‌ `expose eve 2010' സമാപിച്ചു. സ്‌ത്രീ- സ്വത്വം സുരക്ഷ സമൂഹം എന്ന കാമ്പയ്‌നിന്റെ ഭാഗമായി ജി.ഐ.ഒ സംസ്ഥാന കമ്മിറ്റി കോഴിക്കോട്‌ സരോവരം ഫംങ്‌ഷണ്‍ ഹാളി ല്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 5വരെ സംഘടിപ്പിച്ച എക്‌സിബിഷന്‍ വര്‍ദ്ദിച്ച ജനപങ്കാളിത്തം കൊണ്ടും, സാംസ്‌കാരിക സംഗമങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. പതിനായിരത്തിലധികമാളുകള്‍ സന്ദര്‍ശിച്ച എക്‌സിബിഷന്‍ 30ന്‌ കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജമീല ഉദ്‌ഘാടനം ചെയ്‌തു. പെണ്‍ജീവിതത്തിന്റെ വ്യത്യസ്‌ത തലങ്ങളെ സ്‌പര്‍ശിക്കുന്ന `എക്‌സ്‌പോസ്‌ ഈവ്‌' പോലുള്ള പ്രദര്‍ശന പരിപാടികള്‍ സ്‌ത്രീകളുടെ സര്‍വ്വോത്മുക ഉണര്‍വിന്‌ സഹായകരമാകുമെന്നവര്‍ അഭിപ്രായപ്പെട്ടു. ഇത്തരം പരിപാടികള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്‌. എക്‌സ്‌പോസ്‌ ഈവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും പ്രദര്‍ശനത്തിലെ സ്റ്റാളുകളും സ്‌ത്രീകളുടെ ഉന്നമനത്തിന്‌ ഉപയോഗപ്പെടുത്തുന്നതാണ്‌. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം പോലുള്ള ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്‌ത്രീകള്‍ കൂടുതല്‍ ഇച്ഛാശക്തി കാണിക്കണമെന്നും ജമീല പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ശബീന ശര്‍ഖി അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരി കബിത മുഖോപാധ്യായ, ഒലീന ചെയര്‍ പെഴ്‌സല്‍ സുജാത, യു.പി. സിദ്ധീഖ്‌ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ എം.കെ സുഹൈല സ്വാഗതവും സി.കെ സഹീറ നന്ദിയും പറഞ്ഞു. നിര്‍മല ബാല്യത്തെ പ്രതിനിധീകരിച്ച്‌ മകള്‍ എന്ന സ്റ്റാളിലൂടെയാണ്‌ പ്രദര്‍ശനം ആരംഭിക്കുന്നത്‌. തുണ, മാതൃത്വം, മണിപ്പൂരില്‍ സ്വതന്ത്യപോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇറോം ശര്‍മിളയെക്കുറിച്ചുള്ള ഡോക്യുമെന്ററി, പ്ലാച്ചിമടയിലെ സമരനായിക മയിലമ്മയെ അനുസ്‌മരിപ്പിക്കുന്ന നിശ്ചല ദൃശ്യം തുടങ്ങിയ 30 സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്‌ത്രീകളുടെ ഫോട്ടോയും ലഘുവിവരണവും, ഇസ്‌ലാമിലെ സ്‌ത്രീ, സ്‌ത്രീകള്‍ അറിഞ്ഞിരിക്കേണ്ട നിയമ വഴികള്‍ എന്നിവ സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നു. കായിക താരം പ്രജുഷ മുതല്‍ യു. എസ്‌. വിദേശ കാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ വരെ ഇതില്‍ ഇടം പിടിച്ചിരിക്കുന്നു. അജീബ്‌ കോമാച്ചി പകര്‍ത്തിയ സ്‌ത്രീയുടെ വിവിധ അവസ്ഥകളും പ്രശ്‌നങ്ങളും വെളിവാക്കുന്ന പെണ്‍നോവ്‌ പ്രദര്‍ശനം പ്രധാന ആകര്‍ഷണമയിരുന്നു. ജി.ഐ.ഒ പ്രവര്‍ത്തക സി.ടി സഫീറ ഓമശ്ശേരി മെഴുകില്‍ ഒരുക്കിയ വിവിധ അലങ്കാര വസ്‌തുക്കളുടെ സ്റ്റാള്‍ ശ്രദ്ധേയമായിരുന്നു. മെഴുക്‌ കൊണ്ടുള്ള വീട്‌, ഐസ്‌ക്രീം, ജ്യൂസ്‌, സോഫ്‌റ്റ്‌ ടോയ്‌സ്‌, പുഷ്‌പങ്ങള്‍ മുതലായവയാണ്‌ ഈ സ്റ്റാളിലുണ്ടായിരുന്നത്‌. വൃദ്ധസദനം, സ്‌ത്രീകള്‍ക്ക്‌ ജോലി സ്ഥലത്ത്‌ അനുഭവിക്കേണ്ടി വരുന്ന പീഡനം, മദ്യപാനപ്രശ്‌നങ്ങള്‍, സന്തുഷ്‌ട കുടുംബം, മാതൃകാ ഭവനം, പാവകളിയിലൂടെ മാതൃകാകുടുംബം കാഴ്‌ചവെക്കല്‍, ഒ.എന്‍.വി യുടെ അമ്മ എന്ന കവിതയെ ആസ്‌പദമാക്കിയ മോഡലുകളും ദൃശ്യങ്ങളും, സ്‌ത്രീത്വത്തിന്റെ മഹത്വത്തെ എടുത്തുകാണിച്ചും, നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ കുഴിച്ചുമൂടപ്പെട്ട മകളുടെ നൊമ്പരങ്ങളും, പുതുനൂറ്റാണ്ടിലെ ഭ്രൂണഹത്യയുടെ ദൃശ്യങ്ങളും, മാതൃസ്‌നേഹം കാണിച്ച്‌ കൊണ്ടുള്ള 3 ഡി ആവിഷ്‌ക്കാരം എന്നിവയെക്കുറിച്ചും സ്റ്റാളുകളില്‍ ദൃശ്യങ്ങളുണ്ടായിരുന്നു. കാല്‍നൂറ്റാണ്ടിനിടയില്‍ ജി.ഐ.ഒ നടത്തിയ വിവിധ പരിപാടികളുടെ ഫോട്ടോകളും ദൃശ്യാവിഷ്‌കാരവും, ജി.ഐ.ഒയുടെ ചരിത്രവും വര്‍ത്തമാനവും വിശദീകരിച്ച സ്റ്റാള്‍ വളരെ ശ്രദ്ധേയമായിരുന്നു. സുലൈഖ അബ്ദുല്‍ അസീസ്‌,നസീഹ കെ.ടി, നഷീദ പി.ടി, ഹസീന ,ഹിബ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സിലിംഗ്‌ സെന്റര്‍ വളരെയധികം ആളുകള്‍ പ്രയോജനപ്പെടുത്തി. എക്‌സിബിഷനോടനുബന്ധിച്ച്‌ എല്ലാ ദിവസവും വൈകിട്ട്‌ സാംസ്‌കാരിക സംഗമങ്ങളും സംഘടിപ്പിച്ചിരുന്നു. രണ്ടാം ദിവസം വൈകിട്ട്‌ നടന്ന സര്‍ഗസദസ്സ്‌ പ്രശസ്‌ത കവി കല്‍പറ്റ നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അസ്വാതന്ത്ര്യത്തില്‍ നിന്നാണ്‌ സര്‍ഗശേഷി ജനിക്കുന്നതെന്നും കഥകള്‍ പറഞ്ഞ ഷെഹ്‌റാസാദ്‌ സ്‌ത്രീ വിമോചകയാവുന്നത്‌ അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. കാവ്യരൂപത്തില്‍ എഴുതപ്പെട്ട സത്യങ്ങളാണ്‌ നമ്മെ നയിക്കുന്നത്‌. ആ സത്യങ്ങള്‍ പുരുഷന്റേത്‌ മാത്രമല്ലായെന്ന്‌ അദ്ദേഹം കൂട്ടിചേര്‍ത്തു. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം എ. നജ്‌ദ അദ്ധ്യക്ഷതവഹിച്ചു. സാഹിത്യകാരന്മാരായ യു.കെ കുമാരന്‍, ബി.എം സുഹറ, വീരാന്‍ കുട്ടി, പി.എ.എം ഹനീഫ്‌, ടി.കെ. അലി പൈങ്ങോട്ടായി, നവാസ്‌ പാലേരി എന്നിവര്‍ സംസാരിച്ചു. എം.എ സ്വാലിഹ സ്വാഗതവും ഷഫ്‌ന മൊയ്‌തു നന്ദിയും പറഞ്ഞു. മൂന്നാം ദിവസം ``മീഡിയ ആക്‌ടിവിസം എ ടോക്ക്‌' എന്ന തലക്കെട്ടില്‍ നടന്ന സിമ്പോസിയത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എ. റശീദുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. കോര്‍പറേറ്റ്‌ കമ്പനികള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടിയുള്ള കൂലിയെഴുത്തുകാരായി ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ തരം താഴ്‌ന്നിരിക്കുകയാണ്‌. സത്യസന്ധതിലധിഷ്‌ടിതമായ മാധ്യമ സംസ്‌കാരത്തിലൂടെ മാത്രമേ ഇത്തരം കൊള്ളരുതായ്‌മകള്‍ ഇല്ലാതാക്കാനാകുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ പത്രങ്ങളിലും ഒരേ പോലെ വാര്‍ത്തകള്‍ വരുന്നത്‌ നല്ല ലക്ഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.കെ ഫാസില അദ്ധ്യക്ഷത വഹിച്ചു. ആരാമം സബ്‌ എഡിറ്റര്‍ ഫൗസിയ ഷംസ്‌ വിഷയാവതരണം നടത്തി. മാധ്യമം സബ്‌ എഡിറ്റര്‍ വി.പി റജീന, ഫെബിന മൂര്‍ക്കത്ത്‌ എന്നിവര്‍ സംസാരിച്ചു. കെ. ഷംന സ്വാഗതവും റുകിയ്യ റഹ്‌മത്ത്‌ നന്ദിയും പറഞ്ഞു. നാലാം ദിവസം വൈകിട്ട്‌ സ്‌ത്രീ- സ്വത്വംസുരക്ഷ സമൂഹം പ്രമേയ സമ്മേളനം നടന്നു. സ്‌ത്രീകളെ വില്‍പന ചരക്കാക്കുകയും സമൂഹത്തിന്റെ നാനാതുറകളില്‍ കൈയ്യേറ്റത്തിന്‌ വിധേയമാക്കുകയും ചെയ്യുന്നതിനെതിരെ സമൂഹം ഉണര്‍ന്നു ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന്‌ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഗാര്‍ഹിക പീഢനങ്ങള്‍ക്ക്‌ കാരണം മദ്യവും സ്‌ത്രീധനവുമാണെന്ന്‌ അന്വേഷി പ്രസിഡന്റ്‌ കെ. അജിത അഭിപ്രായപ്പെട്ടു. ആഗോളീകരണ വികസന നയവും വര്‍ഗ്ഗീയതയും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ സ്‌ത്രീകളിലാണ്‌. പുരുഷാധിപത്യ ചിന്താരീതികളും സ്‌ത്രീ ശരീരത്തെ കച്ചവടച്ചരക്കാക്കണമെന്ന മുതലാളിത്ത ചിന്തയും പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കിയെന്ന്‌ അവര്‍ പറഞ്ഞു. മുതലാളിത്ത വ്യവസ്ഥിതിയുടെ ഭാഗമായി സ്‌ത്രീയെ വില്‍പനച്ചലരക്കാക്കുന്ന പ്രവണത വര്‍ദ്ധിക്കുകയാണെന്ന്‌ കൊയിലാണ്ടി നഗരസഭ ചെയര്‍ പേഴ്‌സണല്‍ കെ. ശാന്ത ടീച്ചര്‍ പറഞ്ഞു. മലബാര്‍ ക്രിസ്‌ത്യന്‍ കോളേജ്‌ പ്രിന്‍സിപ്പള്‍ ഗ്ലാഡിസ്‌ പി. ഐസക്‌ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ കെ.കെ റഹീന, മഹിളാ സമാജം ജില്ലാവൈസ്‌ പ്രസിഡന്റ്‌ ലക്ഷ്‌മി, അല്‍ഹറമൈന്‍ ഇംഗ്ലീഷ്‌ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സഫിയ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ജിഐ.ഒ സംസ്ഥാ സമിതിയംഗം പി.എ സുഫൈറ വിഷയാവതരണം നടത്തി. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ആരിഫ ജംഷി അദ്ധ്യക്ഷ വഹിച്ചു. തുടര്‍ന്ന്‌ നടന്ന ഫിലിം പ്രദര്‍ശനം ശ്രദ്ധേയമായിരുന്നു. അഞ്ചാം ദിവസം നടന്ന സാംസ്‌കാരിക സമ്മേളനം മാധ്യമം പിരിയോഡിക്കല്‍സ്‌ എഡിറ്റര്‍ പി. കെ പാറക്കടവ്‌ ഉദ്‌ഘാടനം ചെയ്‌തു. തീന്‍മേശകളിലേക്ക്‌ വാസ്‌കോഡഗാമ പുതിയ രൂപത്തില്‍ അധിനിവേശം നടത്തുമ്പോള്‍ അടുക്കള പൂച്ചകളായിരിക്കാതെ ചൂണ്ടുവിരല്‍ ഉയര്‍ത്തി ചോദ്യം ചെയ്യാന്‍ സ്‌ത്രീകള്‍ മുന്നോട്ട്‌ വരണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഭരണകുടം വ്യവസ്ഥയുടെ ഇരകളായി തീരാതെ സാമൂഹിക മുന്നേറ്റത്തിന്‌ സജ്ജരാകാനും അദ്ദേഹം സ്‌ത്രീകളോടാവശ്യപ്പെട്ടു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ കെ.കെ റഹീന അദ്ധ്യക്ഷത വഹിച്ചു. പെണ്ണിന്റെ സ്വത്വവും ആത്മാഭിമാനവും ഉയര്‍ത്തിപിടിക്കുവാനും സാമൂഹ്യ സുരക്ഷ നേടിയെടുക്കുന്നതിന്‌ രക്ഷിതാക്കളെയും സമൂഹത്തെയും സര്‍വ്വോപരി പെണ്‍കുട്ടികളെ തന്നെയും ബോധവത്‌ക്കരിക്കുവാനും പെണ്‍ഇടപെടല്‍ അനിവാര്യമാണെന്നത്‌കൊണ്ടാണ്‌ ജി.ഐ.ഒ ഇത്തരത്തിലുള്ള കാമ്പയ്‌നുമായി മുന്നോട്ട്‌ വന്നതെന്ന്‌ അവര്‍ പറഞ്ഞു. മനഃശാസ്‌ത്ര വിദഗ്‌ധ സുലൈഖ അബ്‌ദുല്‍ അസീസ്‌, ഖാലിദ്‌ മൂസാ നദ്‌വി, കെ.എന്‍ സുലൈഖ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പി.എസ്‌ സുഫൈറ സ്വാഗതവും കെ ഫാസില നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ ജി.ഐ.ഒ ഗായകരും സിദ്‌റത്തുല്‍ മുന്‍ത്വഹ,നവാസ്‌പാലേരി &ഗ്രൂപ്പും അവതരിപ്പിച്ച ഗാനവിരുന്ന്‌ അരങ്ങേറി. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട്‌ ജില്ലാപ്രസിഡന്റ്‌ പി.സി ബഷീര്‍ രക്ഷാധികാരിയും കെ.സി മുഹമ്മദ്‌ അലി ചെയര്‍മാനും, കെ. എന്‍ സുലൈഖ വൈസ്‌ ചെയര്‍പേഴ്‌സനും, എം.കെ സുഹൈല ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ്‌ എക്‌സിബിഷന്‌ നേതൃത്വം നല്‍കിയത്‌. ജി.ഐ.ഒ പ്രവര്‍ത്തകരായ സമീറ ഇബ്രാഹീം, അമീറ ഇബ്രാഹീം, എ.കെ ഫാസില, അമല്‍ അബ്ദുറഹ്‌മാന്‍, കെ.ടി. മുഫീദ, റുഖിയ റഹ്‌മത്ത്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗമാണ്‌ സ്റ്റാളുകള്‍ സജ്ജീകരിച്ചത്‌. ഫറൂഖ്‌ ഇര്‍ഷാദിയ കോളേജ്‌ ഇസ്‌ലാഹിയാ കോളേജ്‌ ചേന്ദമംഗല്ലൂര്‍, ഇസ്‌ലാമിയ കോളേജ്‌ കുറ്റിയാടി, ഇസ്‌ലാമിയ കോളേജ്‌ ഓമശ്ശേരി, അല്‍ഹറമൈന്‍ ഇംഗ്ലീഷ്‌ സ്‌കൂള്‍ കോഴിക്കോട്‌ എന്നിവിടങ്ങളിലെ വിദ്യാര്‍ഥിനികള്‍ സ്റ്റാളുകള്‍ വിശദീകരിച്ചു നല്‍കി. പതിനൊന്നായിരത്തോളം ആളുകള്‍ എക്‌സിബിഷന്‍ സന്ദര്‍ശിച്ചു
Share:

Tags:State News