'തര്‍തീല്‍' ഒരു ആത്മീയ ആസ്വാദനമാണ്

കണ്ണുനീരിനാല്‍ ഹൃദയം കഴുകി ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് മഹത്തായ സ്വര്‍ഗീയ പ്രതിഫലമുണ്ട്. അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവരാണവര്‍. തന്റെ സമീപസ്ഥരോട് അല്ലാഹു അവരെ പുകഴ്ത്തി സംസാരിക്കും. മാലാഖമാര്‍ അവര്‍ക്കു മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയും. പിശാചുക്കള്‍ വിരണ്ടോടും. ദൈവ കാരുണ്യമവരെ പൊതിയും.സവിശേഷമായ ശാന്തി അവര്‍ക്ക് സമ്മാനിക്കപ്പെടും. ലോകാവസാന നാളില്‍ എല്ലാവരും ചകിതരായി നില്‍ക്കെ, സൂര്യകിരീടം ശിരസ്സിലണിയിച്ച് അവര്‍ ആദരിക്കപ്പെടും. അന്നാളില്‍ അവരോട് ഇങ്ങനെ പറയപ്പെടും: ''പാരായണം ചെയ്യുക. കയറിപ്പോവുക. പാരായണം ചെയ്യുന്ന അവസാന സൂക്തത്തോടൊപ്പം നിങ്ങള്‍ എത്തുന്നതെവിടെയാണോ അതാണ് നിങ്ങളുടെ അന്തിമ വാസസ്ഥലം.''

പാരായണം ചെയ്യേണ്ട വിധം പാരായണം ചെയ്യുന്നതിനു വേണ്ടിയാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത് എന്നു പറയുന്നിടത്ത് 'തിലാവത്ത്' എന്ന പദമാണ് അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. പിറകെ പോവുക, വഴികാട്ടിയെ പിന്തുടരുക, ജീവിത രീതി അനുസരിക്കുക, തുടര്‍ച്ചയായി സഞ്ചരിക്കുക എന്നൊക്കെയാണതിന്റെ അര്‍ഥം. ഖുര്‍ആന്‍ പാരായണം യഥാര്‍ഥത്തില്‍ ഒരൊഴുക്കാണ്. ചിന്തയുടെ സൗകുമാര്യമാണത്. ആത്മാവ്, ഹൃദയം, ശരീരം, നാവ് എന്നിവയെല്ലാം തന്നെ ഈ പ്രവാഹത്തെ പിന്തുടരണം. അതിന്റെ ആശയമണ്ഡലത്തിലേക്ക് സ്വന്തം ബുദ്ധിയെ സന്നിവേശിപ്പിക്കണം. ''ഇത് അനുഗൃഹീത ഗ്രന്ഥമാണ്. അത് നാം നിനക്ക് അവതരിപ്പിച്ചത് അതിലെ സൂക്തങ്ങള്‍ അവര്‍ സൂക്ഷ്മ വിചിന്തനം ചെയ്യാനും ബുദ്ധിമതികള്‍ പ്രബുദ്ധരാകുന്നതിനും വേണ്ടിയാണ്.'' എല്ലാ അവയവങ്ങളും പാരായണത്തില്‍ പങ്കാളികളാവണം. നാവിനാല്‍ അക്ഷരങ്ങള്‍ സ്ഫുടമായും വ്യക്തമായും ഉച്ചരിക്കപ്പെടണം. ബുദ്ധി അതിനോട് പ്രതികരിക്കണം. ഹൃദയം കൊണ്ട് ആശയം ഉള്‍ക്കൊള്ളണം.

മൂന്ന് രീതിയിലുള്ള പാരായണത്തെക്കുറിച്ച് നബി(സ) വിശദീകരിച്ചു. തര്‍ത്തീല്‍ സൂക്ഷ്മമായി അക്ഷരങ്ങളും വാക്കുകളും സ്ഫുടമായി ഉച്ചരിച്ച്, സാവകാശം തജ്‌വീദ് നിയമങ്ങളനുസരിച്ച് പാരായണം ചെയ്യുക. തദ്‌വീര്‍മധ്യനിലക്ക് നിയമങ്ങളനുധാവനം ചെയ്തുകൊണ്ട് പാരായണം ചെയ്യുക. ഹദ്ര്! വേഗത്തില്‍ പാരായണം ചെയ്യുക. തര്‍ത്തീലായി പാരായണം ചെയ്യുന്നതിനെയാണ് ഖുര്‍ആന്‍ പ്രോത്സാഹിപ്പിച്ചത് (93:4). ഖുര്‍ആനെ അല്ലാഹു വിവിധ ഭാഗങ്ങളായി ക്രമീകരിച്ചത് ജനങ്ങള്‍ക്ക് സാവകാശം ഓതി കൊടുക്കുന്നതിനാണ് (17:106). നബി(സ) പദങ്ങള്‍ നിര്‍ത്തി നിര്‍ത്തിയാണ് പാരായണം ചെയ്തിരുന്നത്. അനസ്(റ) 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്നോതിയിട്ട് ഇപ്രകാരം വിശദീകരിച്ചു: നബി(സ) 'അല്ലാഹ്, 'റഹ്മാന്‍', 'റഹീം' എന്നീ വാക്കുകള്‍ ദീര്‍ഘ സ്വരത്തോടെയാണ് പാരായണം ചെയ്തിരുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഉമ്മു സലമ(റ) പറഞ്ഞു: ''നബി(സ) ഓരോ സൂക്തം പാരായണം ചെയ്യുമ്പോഴും നിര്‍ത്തും. ഉദാഹരണമായി, 'അല്‍ഹംദുലില്ലാഹി റബ്ബില്‍ആലമീന്‍' എന്നോതി നിര്‍ത്തുന്നു. പിന്നീട് 'അര്‍റഹ്മാനിര്‍റഹീം', എന്നോതുന്നു. അങ്ങനെ നിര്‍ത്തിയതിനു ശേഷം 'മാലികി യൗമിദ്ദീന്‍' എന്നോതുന്നു. ഓരോ അക്ഷരവും എണ്ണിത്തിട്ടപ്പെടുത്താന്‍ മാത്രം വ്യക്തമായിരുന്നു അവ. ഓരോ ആയത്തും അദ്ദേഹം നീട്ടേണ്ട പ്രകാരം നീട്ടിയിരുന്നു. തസ്ബീഹിന്റെ സന്ദര്‍ഭങ്ങളില്‍ തസ്ബീഹ് ചെയ്തും പ്രാര്‍ഥനയുടെ സന്ദര്‍ഭങ്ങളില്‍ പ്രാര്‍ഥിച്ചും അല്ലാഹുവിനോട് ശരണം തേടുന്ന സന്ദര്‍ഭങ്ങളില്‍ ശരണം തേടിയുമായിരുന്നു നബിയുടെ പാരായണം.''

ജിബ്‌രീല്‍(അ)നിന്ന് കേട്ടത് പ്രകാരം നബി(സ) സ്വഹാബത്തിനെ പഠിപ്പിക്കുകയും അത് തലമുറകളിലൂടെ കൈമാറിപ്പോരുകയുമാണുണ്ടായത്. അനറബികള്‍ ഇസ്‌ലാമിലേക്ക് പ്രവേശിക്കുകയും അറബിയുടെ സ്വഛപ്രകൃതത്തിന് മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് പാരായണ ശാസ്ത്രം (തജ്‌വീദ്) രൂപപ്പെടുന്നത്. ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ അബൂ ഉബൈദില്‍ ഖാസിമിബ്‌നു സലാമാണ് 'ഇല്‍മുല്‍ ഖിറാഅത്തി'നെക്കുറിച്ച് ആദ്യമായി ഒരു ഗ്രന്ഥം രചിക്കുന്നത്. പിന്നീട് നാഫിഅ്ബ്‌നു അബ്ദുര്‍റഹ്മാന്‍, അബ്ദുല്ലാഹിബ്‌നു കസീര്‍, അബൂ അംറില്‍ ബസ്വരി, ഇബ്‌നു ആമിര്‍, ആസിം, ഹംസ, അല്‍ കസാഈ(റ) എന്നീ ഏഴു പാരായണ വിദഗ്ധര്‍ തജ്‌വീദ് നിയമങ്ങള്‍ ക്രോഡീകരിച്ചു. അക്ഷരങ്ങളുടെ ഉച്ചാരണ സ്ഥാനം, രീതി, വിശേഷണങ്ങള്‍, രാഗം, ദീര്‍ഘം, കനം കുറക്കല്‍, വിരാമം, തുടര്‍ച്ച തുടങ്ങിയവ രേഖപ്പെടുത്താനും നൂറ്റാണ്ടുകളോളം കൈമാറിപ്പോരാനും ശ്രമങ്ങളുണ്ടായിട്ടുണ്ട്.

ഏതു സാഹചര്യത്തിലും നമുക്ക് ഖുര്‍ആന്‍ പാരായണം ചെയ്യാം. ഓരോ അക്ഷരത്തിനും പത്തിരട്ടി പ്രതിഫലമാണുള്ളത്. പ്രയാസപ്പെട്ടോതുന്നവന് രണ്ട് പുണ്യം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. കേവല വായനക്കു വേണ്ടി പാരായണം ചെയ്യുന്നവരുണ്ടാകാം. മരണം, പരലോകം, പുനരുത്ഥാനം, രക്ഷാ ശിക്ഷകള്‍ എന്നിവയെ ഓര്‍ക്കാനാവാം, സാഹിത്യ സൗകുമാര്യം ആസ്വദിക്കാനോ പഠന ഗവേഷണങ്ങള്‍ നടത്താനോ ആവാം. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക പാഠങ്ങള്‍ കണ്ടെത്താനുമാവാം. ആത്മ സംസ്‌കരണത്തിന്റെ സദാചാരോപദേശങ്ങള്‍ സ്വയം ഗ്രഹിക്കാനും ജനങ്ങളെ പരിശീലിപ്പിക്കാനുമാവാം. പാരായണം ദൈവാഭിമുഖ്യമെങ്കില്‍ പ്രതിഫലം തീര്‍ച്ചയാണ്.

എക്കാലത്തെയും ഏതു ബുദ്ധിക്കും ഏതു തലമുറക്കും പണ്ഡിതപാമര വ്യത്യാസമില്ലാതെ ഖുര്‍ആന്‍ ആസ്വദിക്കാനാവും. അഭിസംബോധിതരെ അവര്‍ ബൗദ്ധികമായി വ്യത്യസ്ത നിലവാരത്തിലുള്ളവരായിരുന്നാലും അത് പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. ആരോഗ്യ ശാസ്ത്ര വിദഗ്ധര്‍ മുതല്‍ സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ വരെ ഖുര്‍ആനില്‍ അത്ഭുതങ്ങള്‍ കണ്ടെത്തുന്നത് അതുകൊണ്ടാണ്.

ഹ്രസ്വമായ ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് ലോക ചരിത്രത്തിലെ അപൂര്‍വതകള്‍ക്ക് കാരണമാകാനും ജനമനസ്സുകളെ ആമൂലാഗ്രം മാറ്റിപ്പണിയാനും അതിന് സാധിച്ചു. ഏറ്റവും അധികം സ്വാധീനം സൃഷ്ടിച്ച ഗ്രന്ഥമായി പാശ്ചാത്യപൗരസ്ത്യ ചിന്തകന്മാര്‍ ഖുര്‍ആനെ വിലയിരുത്തിയതിന് കാരണവും അതുതന്നെ. ഖുര്‍ആന്റെ അവതരണകാലത്ത് ശത്രുനിരയില്‍ പെട്ടവര്‍ പോലും അതിന്റെ അമാനുഷികതയും സൗന്ദര്യവും അംഗീകരിച്ചിരുന്നു. ജാഹിലീ പ്രമുഖന്‍ വലീദുബ്‌നു മുഗീറ പ്രവാചകന്‍ സൂറഃ അസ്സജദ പാരായണം ചെയ്യുന്നത് കേട്ട് പറയുകയുണ്ടായത്രെ: ''ഇത് മനുഷ്യരുടെയോ ജിന്നുകളുടെയോ വാക്കുകളല്ല. മാധുര്യമേറിയതും സുന്ദരവുമാണത്. എല്ലാറ്റിനേക്കാളും ഉയര്‍ന്നു നില്‍ക്കുന്ന അതിന്റെ മുകള്‍ഭാഗം ഫലദായകവും താഴ്ഭാഗം പച്ചപ്പുള്ളതുമാണ്.'' ഊരിപ്പിടിച്ച വാളുമായി പ്രവാചകനെ വധിക്കാന്‍ പുറപ്പെട്ട ഉമറിന്റെ ഹൃത്തടത്തില്‍ പരിവര്‍ത്തനം സൃഷ്ടിച്ചതും ഇതേ ഖുര്‍ആനായിരുന്നു. ഖുറൈശീ പ്രമാണിമാരെ പൗരുഷം കൊണ്ടും ധീരത കൊണ്ടും വിറപ്പിച്ചിരുന്ന ഉമര്‍ സൂറഃ അല്‍വാഖിഅയിലെ പ്രഥമ സൂക്തങ്ങള്‍ കേട്ട് ബോധരഹിതനായി ഇരുപത് ദിവസത്തോളം പനി പിടിച്ച് കിടക്കുകയുണ്ടായി. അബൂജഹ്‌ലടക്കമുള്ള ശത്രു പ്രധാനികള്‍ ഖുര്‍ആന്‍ കട്ടു കേള്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഖുറൈശികളിരിക്കുന്ന സദസ്സിലേക്ക് അപ്രതീക്ഷിതമായി നബി തിരുമേനി കടന്നുചെന്ന് സൂറഃ അന്നജ്മ് പാരായണം ചെയ്തപ്പോള്‍ ശബ്ദ കോലാഹലമുണ്ടാക്കാന്‍ പോലും മറന്ന് അവര്‍ തരിച്ചിരുന്നു. തിരുമേനി സുജൂദ് ചെയ്തപ്പോള്‍ അറിയാതെ അവരും സുജൂദില്‍ വീണു.

സത്യനിഷേധികളുടെ ഹൃദയത്തെപ്പോലും കീഴ്‌പ്പെടുത്താന്‍ മാത്രം വശ്യസൗന്ദര്യം ഖുര്‍ആന് അവകാശപ്പെടാനുണ്ട്. അവരുടെ ഭാഗത്തുനിന്നും പരിഹാസമോ വിമര്‍ശനമോ ഉണ്ടാവാനാവസരം നല്‍കാത്ത വിധം പാരായണം ചെയ്യണം. ശബ്ദം കൊണ്ടതിനെ അലങ്കരിക്കണം. ഖുര്‍ആന്‍ നല്ല സ്വരത്തില്‍ പാരായണം ചെയ്യുന്നതിന് അനുവാദം നല്‍കിയതുപോലെ ഒരു കാര്യത്തിനും അല്ലാഹു അനുവാദം നല്‍കിയിട്ടില്ല എന്ന തിരുവചനം നമുക്ക് മുന്നിലുണ്ട്. ഭൗതിക കാര്യങ്ങള്‍ എപ്രകാരമാണോ ചിട്ടപ്പെടുത്തുന്നത് അതുപോലെ നിയമങ്ങള്‍ പാലിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യണം. കേള്‍ക്കുമ്പോള്‍ അയാള്‍ അല്ലാഹുവിനെ ഭയപ്പെടുന്നുണ്ട് എന്ന് തോന്നുന്ന വിധത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവനാണ് ഏറ്റവും നല്ല ശബ്ദമുള്ളവന്‍ എന്ന് നബി(സ) പറയുയുണ്ടായി. ഹൃദയവുമായുള്ള താളൈക്യം എപ്പോഴാണോ അതിന് നഷ്ടപ്പെടുന്നത് അപ്പോഴത് നിര്‍ത്തുകയും വേണം.

സകല പ്രതാപാൈശ്വര്യങ്ങളുടെയും ഉടമയായ അല്ലാഹു മനുഷ്യരോട് സംസാരിക്കുകയാണ് ഖുര്‍ആനിലൂടെ. ഐഹിക ജീവിതത്തിലെ പങ്കപ്പാടുകളില്‍ വെന്തു നീറുമ്പോള്‍ സത്യാസത്യ വിവേചകമായി ആശ്വാസത്തിന്റെ വെളിച്ചമേകാന്‍ ഖുര്‍ആന് സാധിക്കുന്നു. മാനസിക, ശാരീരിക രോഗങ്ങള്‍ക്കുള്ള ശമനമായത് മാറുന്നു.

ഇന്നത്തെ സാഹചര്യത്തില്‍ ഖുര്‍ആനിക പഠനപാരായണങ്ങള്‍ക്ക് ശക്തമായ പ്രേരണ നല്‍കിയേ തീരൂ. ലോക പ്രശസ്ത ഖാരിഉകളായ അബ്ദുറഹ്മാനു സുദൈസ്, ഖാലിദുബ്‌നു ഖഹ്ത്വാനി, അഹ്മദ് അജമി, ശരീഫാ ഖാസിഫ്, ഹാജറാ യൂസുഫ്, സുമയ്യ അദൈബ് തുടങ്ങിയവരുടെ ജീവിതം നമുക്ക് പ്രചോദനമാവണം. ജി.ഐ.ഒ സംഘടിപ്പിച്ചുവരുന്ന തര്‍ത്തീല്‍ മത്സര പരിപാടികള്‍ അതിനൊരു തുടക്കമാവട്ടെ.

നിദ ലുലു (ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ വിദ്യാര്‍ഥിനി)