ജി.ഐ.ഒ തര്‍തീല്‍ നാളെ തുടങ്ങും

കണ്ണൂര്‍: ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 25, 26 തിയ്യതികളില്‍ കണ്ണൂരില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ ഖുര്‍ആന്‍ പാരായണം, ക്വിസ് മത്സരങ്ങളുടെ - തര്‍തീല്‍ 14 ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫൈനല്‍, മെഗാഫൈനല്‍ മത്സരങ്ങളാണ് കണ്ണൂരില്‍ നടക്കുന്നത്. സെക്കന്ററിതല മത്സരങ്ങളില്‍ വിജയിച്ച 40 പേര്‍ 25 ന് ചേംബര്‍ ഹാളില്‍ നടക്കുന്ന ഫൈനലില്‍ മത്സരിക്കും. ഇതില്‍ തെരെഞ്ഞെടുക്കുന്ന 10 പേര്‍ 26 ന് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മെഗാഫൈനലില്‍ മാറ്റുരക്കും.

പരിപാടിയോടനുബന്ധിച്ച് വെള്ളിയാഴ്ച്ച മുതല്‍ 26 വരെ സ്റ്റേഡിയം കോര്‍ണറില്‍ ഖുര്‍ആന്‍ എക്‌സിബിഷനും നടക്കും. ഉച്ചക്ക് 1.30 ന് വാണിദാസ് എളയാവൂര്‍ ഉദ്ഘാടനം ചെയ്യും. അറബിക് കാലിഗ്രഫി, പഴയകാല ഖുര്‍ആന്‍ പരിഭാഷകള്‍, ഖുര്‍ആനും ശാസ്ത്രവും, ഖുര്‍ആനും സ്ത്രീകളും, ഖുര്‍ആന്റെ സന്ദേശങ്ങള്‍, പഴയകാല പള്ളികളും വാസ്തുമാതൃകകളും തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ടാവും. സമാപന സമ്മേളനം 26 ന് ഉച്ചക്ക് രണ്ടിന് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രമുഖ ഇസ്‌ലാമിക പണ്ഡിതയും ഖുര്‍ആന്‍ തജ്‌വീദ് ശാസ്ത്രജ്ഞയുമായ കാലിഫോര്‍ണിയയിലെ ഡോ. റാനിയ അവാദ് ഉദ്ഘാടനം ചെaയ്യും. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി അവാര്‍ഡ് പ്രഖ്യാപനം നടത്തും. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍, സെക്രട്ടറി കെ.കെ. ഫാത്തിമ സുഹറ, വനിതാവിഭാഗം തമിഴ്‌നാട് അസിസ്റ്റന്റ് ഓര്‍ഗനൈസര്‍ ഖദീജ ഖാജ, ജി.ഐ.ഒ തമിഴ്‌നാട് പ്രസിഡന്റ് തസ്‌നീം മുബീന,  സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എസ്.ഇര്‍ഷാദ്, വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് സഫിയ അലി, വനിതാലീഗ് സംസ്ഥാന കമ്മിറ്റി അംഗം റോഷ്‌നി ഖാലിദ്, എം.ജി.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ, വിദ്യാര്‍ഥി വിഭാഗം പ്രസിഡന്റ് ഹന, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അബ്ദുല്‍ഖാദര്‍ ആക്കോട് എന്നിവര്‍ പങ്കെടുക്കും. ഹര്‍ഷ (മീഡിയവണ്‍ പതിനാലാം രാവ്), ഹിബ ലിയാഖത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കലാവിരുന്നും ഉണ്ടാവും.

Share:
Leave a Comment