മലാല സംഭവത്തില്‍ ഇസ്‌്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തരുത്
കോഴിക്കോട്:വിദ്യാഭ്യാസം നേടാന്‍ ഇറങ്ങിത്തിരിച്ചതിന്റെ പേരില്‍ മലാല എന്ന പാക്ക് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് ഖേദകരമാണെന്നും താലിബാനെ മുന്‍നിര്‍ത്തി ഇസ്‌ലാമിനെ കരിവാരിത്തേക്കുന്ന സാമ്രാജത്വ അജണ്ട തിരിച്ചറിയേണ്ടതുണ്ടെന്നും ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് പ്രസ്സ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥിനി സായാഹ്നം അഭിപ്രായപ്പെട്ടു. താലിബാന്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലാലയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് നടന്ന ചര്‍ച്ചയില്‍ മലാല ഒരു പ്രതീകം മാത്രമാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമിക്കപ്പെടുന്ന ജനങ്ങളെ ഈയവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ടെന്നും ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എം.കെ. സുഹൈല പറഞ്ഞു. ആരാമം മാസിക സബ് എഡിറ്റര്‍ ഫൗസിയ ഷംസ് പരിപാടി ഉദ്‌ഘാടനം ചെയ്‌തു. വായിക്കുക എന്ന ഖുര്‍ആന്‍ ആഹ്വാനം ആണിനോടും പെണ്ണിനോടും ഒരുപോലെയാണെന്നും അതുകൊണ്ട് തന്നെ മലാലക്കെതിരായ ആക്രമണം ഇസ്‌ലാമിന്റെ ആദര്‍ശങ്ങള്‍ക്ക് നിരക്കാത്തതാണെന്നും അവര്‍ പറഞ്ഞു. അനേകായിരങ്ങളെ കൊന്നെടുക്കുന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് ലോക ശ്രദ്ധ ഒരു പെണ്‍കുട്ടിയിലേക്ക് തിരിക്കാനായി എന്നത് സാമ്രാജത്വത്തിന്റെ വിജയമാണ്- ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ ഡോ: അസീസ് തരുവണ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ സെക്രട്ടറി കെ.എസ് നിസാര്‍ ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം വൈസ് പ്രസിഡന്റ് സഫിയ അലി തുടങ്ങിയവര്‍ പങ്കെടുത്തു.