പ്രൊഫഷണല്‍ വിദ്യാഭ്യാസം മതപഠനത്തിന് തടസ്സമാവരുത്: ഡോ.റാനിയ അവാദ്
കണ്ണൂര്‍: പ്രൊഫഷണല്‍ വിദ്യാഭ്യാസം ഖുര്‍ആന്‍ പഠനത്തിനും മറ്റ് മതവിജ്ഞാനം കരസ്ഥമാക്കുന്നതിനും തടസ്സമാവരുതെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിത ഡോ. റാനിയ അവാദ് പ്രസ്താവിച്ചു. ജി.ഐ.ഒ സംഘടിപ്പിച്ച തര്‍തീല്‍ മെഗാഫൈനലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പൂര്‍വ്വകാല ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഒരേ സമയം മതവിജ്ഞാനത്തിനും ഭൗതിക വിജ്ഞാനത്തിനും നേതൃത്വം നല്‍കിയവരാണ്. കര്‍മ്മ ശാസ്ത്ര പുസ്തകങ്ങള്‍ രചിച്ചവര്‍ തന്നെയാണ് വൈദ്യ ശാസ്ത്രത്തിലും രാഷ്ട്ര മീംമാംസയിലും ലോകത്തിന് വെളിച്ചം നല്‍കിയത്. ഈ പാരമ്പര്യം നിലനിര്‍ത്തുവാന്‍ ആധുനിക കാലത്ത് വിദ്യാര്‍ഥികള്‍ക്ക് സാധിക്കണം.ജി.ഐ.ഒ സംഘടിപ്പിച്ച തര്‍തീല്‍ അതിന് പ്രചോദനമാവട്ടെയെന്നവര്‍ ആശംസിച്ചു.
മെഗാഫൈനല്‍ വിജയികളെ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പ്രഖ്യാപിച്ചു. മറിയം റൈഹാന്‍ (മലപ്പുറം) ഒന്നാം സ്ഥാനം നേടി. ഹനാന്‍ സഈദ് (കാസര്‍ഗോഡ്) രണ്ടാം സ്ഥാനം കരസ്ഥമാക്കി. മുഹ്‌സിന അബ്ദുല്‍ഗഫൂര്‍ (കോഴിക്കോട്) മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, തമിഴ്‌നാട് വനിതാവിംഗ് സംസ്ഥാന അസിസ്റ്റന്റ് ഓര്‍ഗനൈസര്‍ ഖദീജ ഖാജ, ശൈഖ്മുഹമ്മദ് കാരകുന്ന് തുടങ്ങിയവര്‍ വിതരണം ചെയ്തു.
തര്‍തീലിന്റെ വിജയം മുസ്‌ലിം സമൂഹത്തിന്റെ അത്ഭുതകരമായ മുന്നേറ്റത്തിന്റെ മികച്ച ഉദാഹരണമാണെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ലോകത്ത് നവസാമൂഹ്യ പോരാട്ടങ്ങള്‍ക്ക് ആശയപരമായ കരുത്ത് പകരുന്ന ഖുര്‍ആന്റെ സൗന്ദര്യാവിഷ്‌കാരത്തിന് കേരളത്തില്‍ നേതൃപരമായ പങ്ക് നിര്‍വഹിക്കുന്ന പരിപാടിയാണ് തര്‍തീലെന്ന് ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി പി. മുജീബ്‌റഹ്മാന്‍ പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന ആമുഖ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് സഫിയ അലി, ജി.ഐ.ഒ തമിഴ്‌നാട് പ്രസിഡന്റ് തസ്‌നീം മുബീന, എം.ജി.എം. ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി.മുഹമ്മദ് വേളം, എസ്.ഐ.ഒ സെക്രട്ടറി തൗഫീഖ് മമ്പാട്, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അബ്ദുല്‍ഖാദര്‍ ആക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സൗദ.കെ നന്ദി പറഞ്ഞു. റഫീഹ ഖിറാഅത്ത് നടത്തി.